പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കേസെടുക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

ദില്ലി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്.
ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതായാണ് വിവരം. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്ന് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തി.
കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന ഉറപ്പോടെ രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഡിസിപി ഓഫീസിലെത്തിയ രാഹുൽ ഗാന്ധി പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്.കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.





