
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വിഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്. പുതിയ അണക്കെട്ട് വേണം. മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് സതീശൻ അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാം. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് കേരള മുഖ്യമന്ത്രി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന നിലപാടിലുറച്ച് നൽക്കുകയാണ് തമിഴ്നാട്. ഇക്കാര്യം തമിഴ്നാടും യോഗത്തെ അറിയിച്ചു. ഡാമിൻ്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തമിഴ്നാടിൻ്റെ പ്രധാന ആവശ്യം.
ജലനിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുകയുള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യോഗത്തിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിൽ നിലപാട് മയപ്പെടുത്തിയ തമിഴ്നാട്, നിയമസഭ പാസാക്കിയ പ്രമേയത്തിലെ നിലപാട് ദക്ഷിണ മേഖല കൗൺസിലിൽ ആവർത്തിച്ചില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികൾ. കാവേരിയിൽ സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യം കുറയരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. അതേസമയം ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ വനിത സംവരണം നടപ്പാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ ടോൾ ഒഴിവാക്കണമെന്ന ആവശ്യവ്യും കേരളം ഉന്നയിച്ചു. ബന്ദിപ്പൂർ രാത്രി യാത്രാനിരോധനത്തിൽ പുനഃപരിശോധന വേണമെന്നും നിലവിലെ നിരോധനത്തിന് ശാസ്ത്രീയ പിൻബലമില്ലെന്നും ശാസ്ത്രീയ പരിശോധനകൾ നടത്തി പുനഃക്രമീകരണം നടത്തണമെന്നും കേരളം യോഗത്തിൽ ആവശ്യം ഉന്നയിച്ചു.





