എംഡിഎംഎ കേസ് പ്രതികളെ എനിക്ക് അറിയാം; സമര പരിപാടിക്കിടെ പരിക്കേറ്റിരുന്ന അവരെ സന്ദർശിച്ചിരുന്നു, ഇതിനപ്പുറം യാതൊരു ബന്ധവുമില്ല’- മുഖ്യമന്ത്രി

തിരുവനന്തപുരം: എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്.
എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ തനിക്ക് അറിയാമെന്നും, പാർട്ടി പ്രവർത്തകരെന്ന നിലയിൽ സമരപരിപാടികളിൽ പങ്കെടുത്ത് പരിക്കേറ്റവരായിരുന്നു ഇരുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിൽ കഴിഞ്ഞിരുന്ന അവരെ സന്ദർശിച്ചിരുന്നു. അതിനുശേഷം പലപ്പോഴായി അവർ തന്നെ കാണാൻ എത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതിനപ്പുറം യാതൊരു ബന്ധവുമില്ല. തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർമാരാണെന്ന പ്രചാരണം തികച്ചും തെറ്റാണെന്നും തനിക്ക് സോഷ്യൽ മീഡിയ കോർഡിനേറ്റർമാരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, താൻ ആവശ്യപ്പെട്ടിട്ടാണ് ‘മെറ്റ’ ചില മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്തെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താൻ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകൾ പോലും മെറ്റ ഒഴിവാക്കിയിട്ടുണ്ടെന്നും, അത് പുനഃസ്ഥാപിച്ചു കിട്ടാൻ താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തന്നെ വിമർശിച്ച് എഴുതരുതെന്ന് പറയാൻ താൻ മൂഢനല്ലെന്നും, വാർത്തകൾ ഒഴിവാക്കിയതിനെതിരെ അതത് മാധ്യമ സ്ഥാപനങ്ങൾ നേരിട്ട് മെറ്റയുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമാണെങ്കിൽ ഇതിനായി താനും മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





