വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോലഞ്ചേരിയിൽ വയോധിക മരിച്ചു

കൊച്ചി: വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുവളപ്പിൽ അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതാഘാതമേറ്റ നിലയിൽ ശോശാമ്മയെ കണ്ടെത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന തോട്ടിയിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. മീമ്പാറ ചളക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം: വ്യാഴ്ച വൈകുന്നേരം 4 മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: സാജു, സാലി.മരുമക്കൾ: ബിജി, രാജു.





