Kannur

കണ്ണൂരിൽ വാടകയ്ക്ക് താമസിച്ച് വയോധികയുടെ മാല കവർന്നു; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ

Please complete the required fields.




കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിത (48) യെയാണ് കണ്ണൂർ ടൗൺ പൊലീസ് പയ്യന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. താഴെ ചൊവ്വ കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് സവിതയും കൂട്ടുപ്രതി ഷിനേഷും (52) ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്നത്.

തുടക്കത്തിൽ വയോധികയ്ക്ക് സഹായം ചെയ്യുന്നുവെന്ന വ്യാജേന വീട്ടിൽ അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇരുവരും തട്ടിപ്പ് ആസൂത്രണം ചെയ്തത്. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി സവിതയുടെ നിർദ്ദേശപ്രകാരം ഷിനേഷ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല കവർന്നു. പിന്നീട് ഇരുവരും ചേർന്ന് മാല കണ്ണൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റ് പണമാക്കി മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്തപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു സവിത. എന്നാൽ പൊലീസ് അന്വേഷണം ശക്തമായതോടെ ഇരുവരും നാടുവിട്ടു.

കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ടൗൺ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവിതയെ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ സവിതയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button