
ഗുഡ്ഗാവ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അമിത് (21) കുറ്റസമ്മതം നടത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. രണ്ടുമാസം മുമ്പ് പദ്ധതിയിട്ട് വാങ്ങിയ കത്തി ഉപയോഗിച്ചാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ അമിത്, സന്ധ്യയുടെ ഭർത്താവിന്റെ പേരുപറഞ്ഞാണ് ഇവരെ പുറത്തേക്ക് വിളിച്ചിറക്കിയത്. തുടർന്ന് ഇടനാഴിയിലേക്ക് വലിച്ചിഴച്ച് കഴുത്തിലും നെഞ്ചിലുമായി 27-ലേറെ തവണ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സ്കൂൾ ജീവനക്കാരെ കത്തികാട്ടി ഭയപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും സന്ധ്യയുടെ ജീവൻ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്തു. മുൻപ് സന്ധ്യ ഇയാൾക്കെതിരെ ശല്യം ചെയ്യലിന് പരാതി നൽകിയിരുന്നെങ്കിലും മാപ്പുപറഞ്ഞ് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്ന് പോലീസ് കർശന നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നുവെന്ന് സന്ധ്യയുടെ ഭർത്താവ് വിക്കി പറഞ്ഞു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു.





