മകൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മരണ കാരണം ചിരവയിൽ തലയിടിച്ചുള്ള വീഴ്ചയെന്ന് പൊലീസ്

അരൂർ: ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ രാഹുൽ നിവാസിൽ കെ.കെ. രമേശനാണ് ദാരുണമായി മരണപ്പെട്ടത്. താഴേക്ക് വീണപ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ തലയിടിച്ചാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തു നടത്തിയ പരിശോധനയിൽ ചിരവയിൽ നിന്ന് രമേശന്റെ തലമുടി കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് രമേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ അയൽവാസി കണ്ടെത്തിയത്. മകൾ ഫോൺ വിളിച്ച് അച്ഛനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അയൽവാസി വീട്ടിലെത്തി പരിശോധന നടത്തിയത്. തലക്ക് പിന്നിലുണ്ടായിരുന്ന മുറിവും സമീപം രക്തം തളംകെട്ടിക്കിടന്നതും തുടക്കത്തിൽ സംശയത്തിനിടയാക്കിയെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ രമേശൻ ധരിച്ചിരുന്ന സ്വർണ മാല ഉൾപ്പെടെ വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി.
ഫൊറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വീഴ്ചയിൽ ഉണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും കുമ്പളം ശാന്തിഭൂമിയിൽ സംസ്കരിക്കുകയും ചെയ്തു.





