Malappuram

ജീവന്‍ പണയംവച്ച്… പുഴ നീന്തിക്കടന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; കെഎസ്ഇബി ജീവനക്കാരന്‍ റഫീഖിനെ വിളിച്ച് മന്ത്രിയുടെ അഭിനന്ദനം

Please complete the required fields.




മലപ്പുറം: കനത്ത മഴയിൽ ഒറ്റപ്പെട്ട പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിക്കാൻ പുഴ നീന്തിക്കടന്ന കെ.എസ്.ഇ.ബി ജീവനക്കാരന് വൈദ്യുതി മന്ത്രിയുടെ അഭിനന്ദനം. മലപ്പുറം അങ്ങാടിപ്പുറം കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരൻ റഫീക്കിനെയാണ് മന്ത്രി സണ്ണി ജോസഫ് നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്.

അങ്ങാടിപ്പുറം ചാക്കോലിക്കുണ്ട് പ്രദേശത്തെ വൈദ്യുതി തടസം പരിഹരിക്കാനാണ് റഫീക്ക് അപകടം അവഗണിച്ച് പുഴ നീന്തിക്കടന്നത്. റോഡ് വഴി പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ജീവനക്കാരൻ ഈ സാഹസത്തിന് മുതിർന്നത്.

“നിങ്ങൾ വളരെ നന്നായിട്ട് വർക്ക് ചെയ്ത കാര്യം താനറിഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെല്ലാം നിങ്ങൾ മാതൃകയാണ്” എന്ന് മന്ത്രി റഫീക്കിനോട് പറഞ്ഞു. നാട്ടുകാർക്ക് ഏറെ സന്തോഷമുണ്ടെന്നും പിന്നീട് നേരിൽ കാണാമെന്നും മന്ത്രി ഫോണിൽ അറിയിച്ചു.
റഫീക്കിന്റെ സമർപ്പണത്തെ കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യവും അഭിനന്ദിച്ചു. ജീവനക്കാരന്റെ കടമ ബോധവും സേവന മനോഭാവവും പ്രശംസനീയമാണെന്ന് ചെയർമാൻ പറഞ്ഞു.

അതേസമയം റഫീക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ചില ഭിന്നാഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. സ്വന്തം ജീവൻ പണയംവച്ചും കുടുംബത്തെ മറന്നും ഇത്തരം സാഹസിക ജോലികൾ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്. പ്രളയ-മഴക്കാലത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അഭിപ്രായമുണ്ട്.

എങ്കിലും നാട്ടുകാരിൽ ഭൂരിഭാഗവും റഫീക്കിന്റെ പ്രവർത്തിയെ പ്രശംസിച്ചാണ് രംഗത്തെത്തിയത്. അത്യാഹിത സമയത്ത് ജനങ്ങൾക്ക് വേണ്ടി സ്വന്തം സുരക്ഷ മറന്നു ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരുടെ കഠിനാധ്വാനമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button