
പൊന്നാനി: പൊന്നാനി നഗരസഭാതിർത്തിയിലെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണം. വേലിയേറ്റത്തെ തുടർന്നുണ്ടായ ശക്തമായ തിരമാലകളിൽ മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് എന്നിവിടങ്ങളിലാണ് കടലാക്രമണം കനത്ത നാശം വിതച്ചത്.
പൊന്നാനി സ്വദേശികളായ മുണ്ടപ്പന്റെ മജീദ്, തീകാക്കാന്റെ നബീസ, സൈദാക്കാന്റെ മറിയക്കുട്ടി എന്നിവരുടെ വീടുകളാണ് കടലെടുത്തത്. അപകടത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ഒരു കുടുംബം വാടകവീട്ടിലേക്കും താമസം മാറി.
സമീപത്തെ ഒട്ടേറെ വീടുകൾ നിലവിൽ തകർച്ചാ ഭീഷണിയിലാണ്. മീറ്ററുകളോളം കരഭാഗം കടലെടുത്തുപോയി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് നാശനഷ്ടം കൂടുതൽ. കടൽഭിത്തിയുള്ള ഇടങ്ങളിൽ അതിനു മുകളിലൂടെ വെള്ളം ഇരച്ചുകയറുകയാണ്.
മുല്ല റോഡ്, മുറിഞ്ഞഴി, ജീലാനി നഗർ തുടങ്ങിയ ഭാഗങ്ങളിൽ തിരമാലകൾ തീരദേശ റോഡിലേക്ക് അടിച്ചു കയറി ഗതാഗത തടസ്സവുമുണ്ടാക്കി. കടലാക്രമണം ശക്തമായി തുടർന്നാൽ വൻ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.





