‘വടകരയുടെ തീരാനഷ്ടം, ഊരാളുങ്കലിന്റെ നെടുംതൂൺ…’; രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വടകര എം.എൽ.എ കെ.കെ. രമ . വ്യക്തിപരമായി സഹോദരതുല്യമായ സ്നേഹം എക്കാലത്തും സൂക്ഷിച്ചിരുന്ന ഒരാളാണ് നഷ്ടമായതെന്ന് എം.എൽ.എ അനുസ്മരിച്ചു.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശൻ പാലേരിയുടെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്.
കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.
രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമായി തുടരാൻ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവർക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായത്.





