യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം: സമരം അവസാനിപ്പിച്ച് സിജെപി, ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ നടന്നുവരുന്ന സിജെപിയുടെ സമരം അവസാനിപ്പിച്ചതായി സംഘടന അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെയാണ് സർക്കാറുമായി സിജെപി നേതാക്കൾ നിർണായക ചർച്ചകൾ നടത്തിയത്.
കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷാ അട്ടിമറിയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹമായ ധനസഹായം നൽകുമെന്ന് അധികാരികൾ ഉറപ്പുനൽകിയതായി സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. ഡൽഹി ഉൾപ്പെടെയുള്ള എല്ലാ ബിജെപി ഭരണ-സഖ്യ സംസ്ഥാനങ്ങളിലും പ്രക്ഷോഭകർക്കെതിരെ എടുത്ത എല്ലാ എഫ്ഐആറുകളും പിൻവലിക്കാൻ സർക്കാർ സമ്മതിച്ചു. ഡൽഹിയിൽ മാത്രം 15 മുതൽ 20 വരെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രക്ഷോഭകർക്കെതിരായ കേസ് നടപടികൾ പൂർണമായി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന്-നാല് ദിവസത്തിനുള്ളിൽ എഫ്ഐആറുകളുടെ പകർപ്പ് കൈമാറാമെന്നും, ചൊവ്വാഴ്ചയോടെ കേസ് പിൻവലിക്കൽ സംബന്ധിച്ച് സർക്കാറിന്റെ ഔദ്യോഗിക എഴുത്തുപൂർവ്വമായ ഉറപ്പ് നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
മുൻകൂട്ടി സമർപ്പിച്ച കരട് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചക്കകം അന്തിമ ഉറപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനയെന്നും സിജെപി നേതൃത്വം അറിയിച്ചു.





