Ernakulam

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവാവ് അറസ്റ്റിൽ

Please complete the required fields.




കൊച്ചി: മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി. എടപ്പാൾ സ്വദേശി സുരേഷ് ബാബു (20) ആണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഈ മാസം ആറിന് കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ നാടുവിട്ടത്.

അർധരാത്രി താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കടന്നുകളഞ്ഞ പ്രതി, തൃശൂർ മതിലകത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയെങ്കിലും, പൊലീസിനെ വിവരമറിയിക്കാതിരിക്കാൻ പരാതിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മുങ്ങി.

ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തിയതോടെ കടവന്ത്ര പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പൊന്നാനിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
പൊലീസ് സംഘം എത്തുമ്പോൾ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായാണ് ഉദ്യോഗസ്ഥർ കീഴടക്കിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുരേഷ് ബാബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button