
തൃശൂര്‍: തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കിടപ്പുരോഗികളായ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.
പൊട്ടിത്തെറിച്ച ഫ്രിഡ്ജിൽ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയും ചെയ്തു.വീടിന്റെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. അപകടത്തിൽ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
പുക ശ്വസിച്ചതിൽ ശ്വാസതടസം നേരിട്ട ദമ്പതികളെ ആദ്യം മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.





