Thiruvananthapuram

സി.പി.ഐയുടെ ചരിത്രപരമായ നീക്കം; ദേശീയ സമരത്തിന് പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് കേരളത്തിൽ നിന്ന് പ്രവർത്തകർ ഡൽഹിയിലേക്ക്

Please complete the required fields.




തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന വമ്പിച്ച ദേശീയ സമരത്തിൽ പങ്കെടുക്കാൻ ചരിത്രപരമായ തീരുമാനവുമായി സി.പി.ഐ. കേരളത്തിൽ നിന്ന് 1452 പ്രവർത്തകരെ സമരഭൂമിയിലെത്തിക്കാൻ സി.പി.ഐ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്തു.

ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ നിന്ന് ഇത്തരത്തിൽ പ്രത്യേക ട്രെയിൻ പൂർണ്ണമായും വാടകയ്‌ക്കെടുക്കുന്നത് ഇതാദ്യമാണ്. ‘ഡൽഹി ചലോ, ബദലാവ് സരൂരി ഹേ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് സി.പി.ഐ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഏഴ് ദിവസത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്.

സെപ്തംബർ നാലിന് സംഘം തിരിച്ചെത്തും. 20 ബോഗികളുള്ള ട്രെയിനിൽ ഭൂരിഭാഗവും മൂന്നാം ക്ലാസ് എ.സി കമ്പാർട്ടുമെന്റുകളാണ്. 10 ലക്ഷം രൂപ മുൻകൂറായി അടച്ചാണ് റെയിൽവേയിൽ നിന്ന് ട്രെയിൻ ബുക്ക് ചെയ്തത്. ഒരാൾക്ക് ഏകദേശം 9000 രൂപയാണ് യാത്രാച്ചെലവ്.

അധികം സ്റ്റോപ്പുകൾ ഇല്ലാത്ത ട്രെയിൻ വഴിമധ്യേ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് നിർത്തുക. ഓരോ സ്റ്റോപ്പിനും 25,000 രൂപ അധികമായി റെയിൽവേയ്ക്ക് നൽകണം. കേരളത്തിന് പുറമെ തമിഴ്നാട്ടിൽ നിന്ന് പ്രവർത്തകരെ എത്തിക്കാൻ സി.പി.ഐ രണ്ട് പ്രത്യേക ട്രെയിനുകൾ കൂടി ബുക്ക് ചെയ്തിട്ടുണ്ട്.കേന്ദ്രനയങ്ങൾക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ഇത്രയും വലിയൊരു സംഘത്തെ ഡൽഹിയിലെത്തിക്കാനുള്ള സി.പി.ഐയുടെ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Related Articles

Back to top button