കോഴിക്കോട് നാദാപുരത്ത് കുടുംബവഴക്ക്; മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമം, അമ്മയ്ക്കും സഹോദരിക്കും മർദ്ദനം

കോഴിക്കോട്: നാദാപുരത്ത് കുടുംബവഴക്കിനെത്തുടർന്നുണ്ടായ വിരോധത്തിൽ മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമമെന്ന് പരാതി. ജൂലൈ നാലിന് രാവിലെ വിഷ്ണുമംഗലം പണിക്കർകണ്ടി വീട്ടിലായിരുന്നു സംഭവം. കല്ലാച്ചി സ്വദേശിനി പണിക്കർകണ്ടി ആരിഫയുടെ പരാതിയിൽ മകൾ ഷമീമക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
അക്രമത്തിൽ ആരിഫ, മൂന്നാമത്തെ മകൾ ഷംന, കൊച്ചുമകൾ റിഷ ഫാത്തിമ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. ഷംനയുടെ തല ഭിത്തിയിലിടിപ്പിക്കുകയും കൈ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. തടയാൻ ശ്രമിച്ച റിഷ ഫാത്തിമയുടെ നാഭിക്ക് ചവിട്ടുകയും കഴുത്തിൽ ഞെരിക്കുകയും ആരിഫയെ വടികൊണ്ട് മർദ്ദിക്കുകയും കൈക്ക് കടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
അക്രമത്തിനിടെ വീടിനുള്ളിലെ ടിവി, ജനൽചില്ലുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ ഷമീമ അടിച്ചുതകർത്തു. ഇതിലൂടെ മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പരാതിയുടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





