റൊണാൾഡോയുടെ ആശാൻ ഇനി പോർച്ചുഗൽ ടീമിനൊപ്പം ; മാർട്ടീനസ് ഒഴിഞ്ഞ സ്ഥാനത്തേക്ക് ജോർജ് ജെസ്യൂസ് വരുന്നു

ലിസ്ബൺ: ലോകകപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റോബർട്ടോ മാർട്ടീനസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പോർച്ചുഗൽ ഫുട്ബോൾ ടീമിന് പുതിയ പരിശീലകനെത്തുന്നു. പോർച്ചുഗലുകാരനായ ജോർജ് ജെസ്യൂസ് (71) ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയുമായി ജെസ്യൂസ് കൂടിക്കാഴ്ച നടത്തിയതായും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായും പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു.
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ പരിശീലകനായിരുന്നു ജെസ്യൂസ്. ബെൻഫിക്ക, സ്പോർട്ടിങ് ലിസ്ബൺ, ഫെനർബാഷെ, ഫ്ലെമെംഗോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച് വലിയ പരിചയസമ്പത്തുള്ള തന്ത്രജ്ഞനാണ് അദ്ദേഹം.അൽ നസ്റിൽ റൊണാൾഡോയ്ക്കൊപ്പം ഈ സീസണിലെ സൗദി പ്രോ ലീഗ് കിരീടം നേടാൻ ജെസ്യൂസിന് സാധിച്ചിരുന്നു. സൂപ്പർതാരവുമായുള്ള ഈ അടുത്ത ബന്ധം ദേശീയ ടീമിലും ഗുണം ചെയ്യുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.
സൗദിയിൽ പ്രതിവർഷം ലഭിച്ചിരുന്ന വലിയ തുകയുടെ (12 മില്യൺ യൂറോ) കരാർ വേണ്ടെന്നുവെച്ച്, പകുതിയിലധികം ശമ്പളക്കുറവിലാണ് (പ്രതിവർഷം 4 മില്യൺ യൂറോയിൽ താഴെ) ജെസ്യൂസ് സ്വന്തം രാജ്യത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്.മുൻപ് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കും ഇദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. 2028-ലെ യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ്, 2030-ലെ ലോകകപ്പ് എന്നിവയ്ക്കായി പോർച്ചുഗൽ ടീമിനെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് പുതിയ കോച്ചിന് മുന്നിലുള്ളത്.





