World

റായ്ഗഡിൽ പ്രളയം, എച്ച്പിസിഎൽ പ്ലാന്റിന്റെ മതിൽ തകർന്നു, പുഴയിലൂടെ കൂട്ടത്തോടെ ഒഴുകി ഗ്യാസ് സിലിണ്ടറുകൾ

Please complete the required fields.




റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വൻ നാശനഷ്ടം. പ്ലാന്റിന്റെ സുരക്ഷാ മതിൽ തകർന്ന് പ്രളയജലം ഉള്ളിലേക്ക് ഇരച്ചുകയറിയതോടെ മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകളാണ് പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയത്.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപപ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടർ കിഷൻ ജാവ്‌ലെ അറിയിച്ചു.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ ഗ്യാസ് ഉണ്ടോ എന്നോ, അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നോ ഉറപ്പില്ല. അതുകൊണ്ട് ഇവ വീട്ടിൽ കൊണ്ടുപോകുന്നതോ, തുറക്കാൻ ശ്രമിക്കുന്നതോ അപകടകരമാണെന്ന് അധികൃതർ അറിയിച്ചു.

പുഴയിൽ നിന്നും കിട്ടിയ സിലിണ്ടറുകൾ ആരും വീട്ടിൽ സൂക്ഷിക്കരുതെന്നും എത്രയും വേഗം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് കുത്തൊഴുകുള്ള വെള്ളത്തിൽ പലയിടത്തും അടിഞ്ഞ് കൂടിയ സിലിണ്ടറുകൾ നാട്ടുകാർ കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട ജില്ലകളിലൊന്നാണ് റായ്ഗഡ്.

Related Articles

Back to top button