Ernakulam

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Please complete the required fields.




കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
മുല്ലയ്ക്കൽ വട്ടയ്ക്കാട്ടുശേരി നവാസിനാണ് ആരോഗ്യകാരണങ്ങൾ മുൻനിർത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 30 ദിവസത്തെ ജാമ്യം അനുവദിച്ചത്. പക്ഷാഘാതം വന്ന് പ്രതി കിടപ്പിലാണെന്നത് പരിഗണിച്ചാണ് കോടതി നടപടി.

കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം മാവേലിക്കര സെഷൻസ് കോടതിയിൽ ഹാജരാക്കണം. ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ചികിത്സയ്ക്ക് ശേഷം ഓഗസ്റ്റ് അഞ്ചിന് സെൻട്രൽ ജയിലിൽ തിരികെ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കൊലപാതകം നടക്കുമ്പോൾ രഞ്ജിത്തിന്റെ വീടിന് പുറത്ത് കാവൽ നിൽക്കുകയും, അക്രമികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്ത സംഘത്തിലാണ് നവാസ് ഉൾപ്പെട്ടിരുന്നത്.
കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികൾക്കും മാവേലിക്കര സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്.

Related Articles

Back to top button