കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം. ജൂൺ ഒന്നിന് വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ആർട് ഗ്യാലറിയിൽ നിന്നും ഇപ്പോൾ മിക്ക വസ്തുക്കളും അപ്രത്യക്ഷമായിരിക്കുകയാണ്.
തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആര്‍ട്ട് ഗ്യാലറിയിലെ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ല.
ഫോക്ലോര് അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്.
എന്നാല്‍ നവീകരണം നടക്കുകയാണെന്ന് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.





