നടക്കാൻപോലും ഇടമില്ല; പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വില വരുന്ന മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിലെ രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ ഇ എൻ ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് സ്ഥലങ്ങളിലും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ഇഞ്ചക്ഷനും നെബുലൈസർ സൊല്യൂഷനും പാരസെറ്റമോളും ഉൾപ്പെടെ പിപിഇ കിറ്റുകൾ വരെയുള്ള മരുന്നുകളാണ് വലിയ ബോക്സുകളിൽ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്.
കെ എം എസ് സി എൽ നൽകിയ കോടികൾ വില വരുന്ന മരുന്നുകളാണ് ഇവയെന്നാണ് റിപ്പോർട്ട്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു എന്നാണ് കണ്ടെത്തൽ. ഇവയിൽ പല മരുന്നുകളും വർഷങ്ങളായി കാലാവധി കഴിഞ്ഞവയാണ്. അത്തരത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യുന്നതിനു വേണ്ടി ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല എന്നാണ് വിവരം.
വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. സംഭരണ സംവിധാനത്തിന്റെ അഭാവവും മരുന്നുകൾ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് ഇതിന് കാരണം എന്നാണ് ഉയരുന്ന ആരോപണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകൾ ഇത്തരത്തിൽ പാഴാകുന്നത് രോഗികൾക്കുള്ള സേവനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.





