
പാലക്കാട്: അട്ടപ്പാടിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ സുബ്രഹ്മണ്യൻ – മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ കുട്ടികൾ അപകടനില തരണം ചെയ്തതായി മാതാപിതാക്കൾ അറിയിച്ചു.
ഇന്ന് വൈകീട്ട് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ അബദ്ധത്തിൽ വിഷക്കായ കഴിച്ചത്. കായ കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ആശുപത്രിയിൽ വെച്ച് കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ അടിയന്തരമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടികൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.





