
കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറ് നടത്തിയയാൾ പിടിയിൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ കല്ലമ്പലം ജങ്ഷന് സമീപമായിരുന്നു സംഭവം.കല്ലേറിൽ വേണാട് ബസിന്റെ മുൻ വശത്തെ ചില്ല് തകർന്നു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജീവനക്കാർ പറഞ്ഞു.നാവായിക്കുളം വെട്ടിയറയിൽ വാടകക്ക് താമസിക്കുന്ന നെടുമങ്ങാട് സ്വദേശി രാഹുലാണ് അറസ്റ്റിലായത്. ചാത്തന്നൂർ ഡിപ്പോയിലെ ബസിനുനേരെയാണ് ആക്രമണം.
കരുനാഗപ്പള്ളിയിൽനിന്ന് കല്ലമ്പലത്ത് എത്തിയ ശേഷം ജീവനക്കാർ ആഹാരം കഴിക്കുന്നതിനിടയിൽ പ്രതി ബസ് എപ്പോൾ പോകുമെന്ന് ചോദിച്ചു.ആഹാരം കഴിച്ചശേഷം പോകുമെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് പ്രകോപിതനായ ഇയാൾ അസഭ്യം പറയുകയും സമീപത്ത് കിടന്ന കല്ലെടുത്ത് മുൻവശത്തെ ഗ്ലാസിനുനേരെ എറിയുകയുമായിരുന്നു.തുടർന്ന് സ്ഥലത്തുനിന്ന് കടന്ന പ്രതിയെ സമീപത്തെ ബാറിനുള്ളിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ മുമ്പും സമാന കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.





