
ലണ്ടൻ : യുകെയിൽ മലയാളി ഡോക്ടർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ . സംഭവത്തിൽ 58 കാരനായ ഭർത്താവിനെ ബ്രിട്ടിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോണാണ് കൊല്ലപ്പെട്ടത് . ഞായറാഴ്ച വൈകുന്നേരമാണ് മിൽട്ടൺ കീൻസിലെ വൂൾവർട്ടണിൽ ഈസ്റ്റ് മൂർ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയിൽ വെച്ച് ഭർത്താവ് പൊലീസിന്റെ പിടിയിലാകുന്നത്.
വീട്ടിൽ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോൾ അച്ചാമ്മ ജോൺ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മിടുക്കിയായ വിദ്യാർഥിനിയും യുകെയിൽ സ്കിൻ കാൻസർ മേഖലയിൽ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോൺ.
എൻഎച്ച്എസിൽ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും കുടുംബജീവിതത്തിൽ ഭർത്താവുമായ കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.





