ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും’; പിണറായി വിജയന് പിന്തുണയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ

തിരുവനന്തപുരം: വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. പിണറായി വിജയൻ്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
മാസപ്പടി കേസിലാണ് പിണറായി വിജയൻ്റെ വീടുകളിലടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നത്. വീണാ വിജയൻ്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്.കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
അതേസമയം വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.





