Kozhikode

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം – ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി

Please complete the required fields.




കോഴിക്കോട് : മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

ജില്ലാ, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറും ഉണ്ടായിരിക്കണമെന്നും ടോള്‍ ഫ്രീ നമ്പറുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ പങ്കെടുത്തു.

ജില്ലയില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളും വളണ്ടിയര്‍മാരുടെ വിന്യാസവും കലക്ടര്‍ വിലയിരുത്തി. പുഴകള്‍, ഓടകള്‍, തോടുകള്‍ തുടങ്ങിയവയിലെ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലെ പ്രത്യേക നിരീക്ഷണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം, ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കല്‍, വെള്ളക്കെട്ടിന് കാരണമാകുന്ന തരത്തില്‍ കൂട്ടിയിട്ട നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്യല്‍, പൊതുവഴികളിലും വിദ്യാലയങ്ങള്‍ക്ക് സമീപവുമുള്ളതും വൈദ്യുതി ലൈനുകള്‍ക്ക് ഭീഷണിയായതുമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റല്‍, കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മാലിന്യ നിര്‍മാര്‍ജനവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാനും പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിക്കാനും ആശുപത്രികളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായതായി തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴകളിലെ ഒഴുക്കിന് തടസ്സമായ അവശിഷ്ടങ്ങള്‍ മിക്കതും നീക്കം ചെയ്തതായും അവശേഷിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button