
കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ പിടിയിലായത്. ഒറീസയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.
ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുന്നതായിരിക്കുമെന്നും എസിപി ടി. ജയകുമാർ പറഞ്ഞു.





