ഗർഭിണിയാണെന്ന് പറഞ്ഞിട്ടും ഗൗനിച്ചില്ല; വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി, ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി.
വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജ്ലയ്ക്കാണ് (26) വീട്ടിൽ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെ ഇന്നലെ രാവിലെ 11ന് വൈദ്യുതാഘാതമേറ്റത്.യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻ തന്നെ ബീച്ച് വനിതാ–ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണു പരാതി.
യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഇന്നലെ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകൂ എന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്.
ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
വൈകിട്ട് മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നജ്ലയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.വീണ്ടും സ്കാൻ ചെയ്തപ്പോൾ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്തു. നജ്ലയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഇന്ന് തുടർചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ പറഞ്ഞു.ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം. അവരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസെത്തി നജ്ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ കെ.സി.വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടി. ബീച്ച് വനിതാ–ശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു സൗത്ത് പൊലീസ് അറിയിച്ചു.





