Thrissur

തല പി.വി.സി പൈപ്പിൽ, വാലിൽ പിടിച്ച് ഡോക്ടർമാർ; തൃശ്ശൂരിൽ മൂർഖൻ പാമ്പിന് ഒന്നര മണിക്കൂർ നീണ്ട ‘വി.ഐ.പി’ ശസ്ത്രക്രിയ

Please complete the required fields.




തൃശ്ശൂർ: വയറ്റിൽ ഇരുമ്പുകൊളുത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിന് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ വിജയകരമായി അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി.

പാമ്പിന്റെ സുരക്ഷയും ഒപ്പം ഡോക്ടർമാരുടെ സുരക്ഷയും മുൻനിർത്തി തല പി.വി.സി. പൈപ്പിനുള്ളിലാക്കി, വാലിൽ പിടിച്ച് അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും സർജനുമായ ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പി.ജി. ഡോക്ടർമാരായ കൃഷ്ണ മഹേഷ്, കെ.എസ്. അശ്വിനി ബാബു, ആർ. കാർത്തിക് എന്നിവരടങ്ങിയ സംഘം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുകൾ തുന്നിക്കെട്ടി ബാൻഡേജൊട്ടിച്ച മൂർഖനെ നിലവിൽ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അവിണിശ്ശേരിയിലെ ഒരു വീട്ടിലെ വിറകുപുരയിൽ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ സർപ്പ റെസ്‌ക്യൂ ടീം അംഗങ്ങളായ വി.ബി. ആനന്ദും ബിജു കപ്പാരത്തും ചേർന്ന് ഈ മൂർഖനെ പിടികൂടുന്നത്.പാമ്പിനെ പരിശോധിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ ചാക്കുകൾ ഉയർത്താൻ ഉപയോഗിക്കുന്ന തരം ഇരുമ്പുകൊളുത്തിന്റെ പിടി പാമ്പിന്റെ വയറിന്റെ ഉള്ളിലും, കൊളുത്തിന്റെ ഭാഗം പുറത്തുമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.കൊളുത്ത് വയർ മുറിഞ്ഞ് പുറത്തേക്ക് വന്നതാകാമെന്നാണ് സംശയിക്കുന്നത്. ഉടൻ തന്നെ കൊക്കാല മൃഗാശുപത്രിയുമായി ബന്ധപ്പെടുകയും ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.

ഇരുമ്പുകൊളുത്ത് എങ്ങനെയാണ് പാമ്പിന്റെ വയറ്റിൽ കുടുങ്ങിയതെന്ന കാര്യം വ്യക്തമല്ലെന്ന് ഡോ. റെജി വർഗീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ കൊളുത്തിന് പുറമെ ഒരു മുട്ടത്തോടും പാമ്പിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ശസ്ത്രക്രിയയ്ക്ക് ശേഷം റെസ്‌ക്യൂ വാച്ചർ അജീഷിന്റെ നേതൃത്വത്തിലാണ് പാമ്പിനെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇവിടെ വച്ച് പാമ്പിന്റെ മുറിവുണങ്ങാനുള്ള മരുന്ന് സ്പ്രേ ചെയ്യും.നിരീക്ഷണ കാലാവധി പൂർത്തിയാക്കി മുറിവുകൾ പൂർണ്ണമായും ഉണങ്ങുന്നതോടെ ഈ വി.ഐ.പി. രോഗിയെ വനത്തിലേക്ക് തിരികെ ഡിസ്ചാർജ് ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button