Sports

ഐപിഎല്ലിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വൈഭവ്; ലക്നൗവിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ചിത്രത്തിൽ

Please complete the required fields.




ജയ്പൂർ: ഐപിഎല്ലിൽ റെക്കോർഡുകൾ ഒന്നിനുപുറകെ ഒന്നായി തിരുത്തിക്കുറിച്ചു കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി കുതിപ്പ് തുടരുന്നു.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത താരം, ഒരൊറ്റ ഐപിഎൽ സീസണിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ചരിത്രനേട്ടം സ്വന്തം പേരിലാക്കി.ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ലക്നൗ ഉയർത്തിയ 220 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി വൈഭവ് ഒരിക്കൽക്കൂടി രക്ഷകനാവുകയായിരുന്നു. വെറും 38 പന്തുകളിൽ നിന്ന് 7 ഫോറും 10 സിക്സറുകളുമടക്കം 93 റൺസാണ് ഈ 15-കാരൻ അടിച്ചുകൂട്ടിയത്.

വൈഭവിന്റെ ഈ മാസ്മരിക ഇന്നിങ്സിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് അനായാസ ജയം സ്വന്തമാക്കുകയും പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, 2024-ൽ അഭിഷേക് ശർമ്മ സ്ഥാപിച്ച 42 സിക്സറുകളുടെ റെക്കോർഡ് മറികടന്ന് ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമായി വൈഭവ് മാറിയിരുന്നു.

ലക്നൗവിനെതിരെ ഇറങ്ങുമ്പോൾ 43 സിക്സറുകളുണ്ടായിരുന്ന താരം, മത്സരത്തിന്റെ 11-ാം ഓവറിൽ പേസർ മായങ്ക് യാദവിനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയാണ് സീസണിലെ സിക്സറുകളിൽ അർധസെഞ്ചുറി തികച്ചത്.ഇതോടെ ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നായി വൈഭവിന്റെ സിക്സറുകളുടെ എണ്ണം 53 ആയി ഉയർന്നു. 52 സിക്സുകളുമായി രണ്ടാമതുണ്ടായിരുന്ന കൊൽക്കത്തയുടെ ആന്ദ്രെ റസലിനെ പിന്നിലാക്കിയ താരം ഇപ്പോൾ ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ സിക്സ് റെക്കോർഡിന് തൊട്ടരികിലാണ്.

2012-ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ അടിച്ചുകൂട്ടിയ 59 സിക്സറുകളെന്ന റെക്കോർഡ് തകർക്കാൻ വൈഭവിന് ഇനി വെറും 7 സിക്സറുകൾ കൂടി മതി.ലീഗ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരവും, രാജസ്ഥാൻ പ്ലേഓഫിലെത്തുകയാണെങ്കിൽ ലഭിക്കുന്ന ബാക്കി മത്സരങ്ങളും കണക്കിലെടുത്താൽ ‘യൂണിവേഴ്സ് ബോസിന്റെ’ ഈ റെക്കോർഡും വൈഭവ് മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒരു ഐപിഎൽ ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 12 സിക്സറുകളോടെ വൈഭവ് സ്വന്തമാക്കിയിരുന്നു.നിലവിൽ 13 മത്സരങ്ങളിൽ നിന്നായി 579 റൺസ് നേടിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ലക്നൗവിനെതിരായ പ്രകടനത്തോടെ ഒരു സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന ട്രാവിസ് ഹെഡിന്റെ റെക്കോർഡും (426 റൺസ്) വൈഭവ് മറികടന്നു.

Related Articles

Back to top button