Ernakulam

ഉന്നതർക്ക് വിഹിതം നൽകണം’; കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറടക്കം രണ്ടുപേർ അറസ്റ്റിൽ

Please complete the required fields.




കൊച്ചി: വനംവകുപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഡെപ്യൂട്ടി റേഞ്ചറും വിജിലൻസ് പിടിയിലായി. എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത് സി.പി (ആലപ്പുഴ സ്വദേശി), സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ (പിറവം സ്വദേശി) എന്നിവരാണ് അറസ്റ്റിലായത്. ഉടുമ്പിനെ കൊന്നതുമായി ബന്ധപ്പെട്ട കേസിൽ നിന്നും റെസ്റ്റോറന്റ് ജീവനക്കാരെ ഒഴിവാക്കുന്നതിനായാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.

കാക്കനാടുള്ള ഒരു റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ കൊന്ന കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർ സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ, കൂടുതൽ ജീവനക്കാരെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടത്. ഡിഎഫ്ഒ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വിഹിതം നൽകണമെന്നും പണം നൽകിയില്ലെങ്കിൽ റെസ്റ്റോറന്റ് മാനേജർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.

കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് ഒരുക്കിയ കെണിയിൽ, വ്യാഴാഴ്ച രാത്രി 9.45ഓടെ കുറുപ്പുംപടി ഭാഗത്ത് വച്ച് പണം വാങ്ങുന്നതിനിടെ പ്രതികൾ പിടിയിലായി. അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button