
കൊല്ലം : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.
ഡി.വൈ.എഫ്.ഐ നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ അനന്തുപിള്ള, ഷിനുമോൻ, സ്വരാജ് എന്നിവർക്കും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്.
പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ വിളക്കുടി വിജയാലയത്തിൽ വിഷ്ണു എം. പിള്ളയെ സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് അഡ്രസ് സംബന്ധമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു യുവാവിന്റെ പാസ്പോർട്ട്, പോസ്റ്റ്മാൻ തിരികെ അയച്ചത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.തുടർന്ന് രണ്ടുദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് ഉപരോധം ഉൾപ്പെടെ നടത്തി. തുടർന്നാണ് മർദ്ദിച്ചെന്ന പരാതിയുമായി പോസ്റ്റ്മാൻ രംഗത്തെത്തിയത്.





