
തിരുവനന്തപുരം: സിൽവര്‍ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സര്‍വേ നടത്താൻ ടെണ്ടര്‍ വിളിച്ച് കെ-റെയിൽ. കല്ലിടൽ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. സിൽവര്‍ലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സര്‍വേ നടത്തേണ്ടത്. സിൽവര്‍ലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.
രണ്ട് മാസത്തിനകം സര്‍വെ പൂര്‍ത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ വ്യവസ്ഥയുണ്ട്. പൂര്‍ണമായും ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നതാണ് നിർദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സര്‍വെ നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കഴിഞ്ഞ ഡിസംബറിലാണ് റെയിൽവെ ബോര്‍ഡുമായി കെ-റെയിൽ അധികൃതര്‍ ആശയവിനിമയം നടത്തിയത്. റെയിൽവെ ബോര്‍ഡിന് മുന്നിൽ ഡിപിആര്‍ അവതരിപ്പിച്ചപ്പോൾ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു. അതേസമയം സര്‍വേ തീരുമാനിച്ച് 5 മാസം കഴിഞ്ഞ ശേഷമാണ് കെ-റെയിൽ ടെണ്ടര്‍ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നത്.





