
പത്തനംതിട്ട: ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. സംസ്ഥാനത്തെ മറ്റ് മിക്ക ജില്ലകളിലും മഴ ഗണ്യമായി കുറഞ്ഞപ്പോൾ പത്തനംതിട്ടയിൽ ശരാശരിയെക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തി.
ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 244.9 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ 256.7 മില്ലിമീറ്റർ മഴ ലഭിച്ചു. കേരളത്തിലുടനീളം ശരാശരിയെക്കാൾ 46% കുറവ് മഴയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഭിച്ചത്. പാലക്കാട് (74%), മലപ്പുറം (71%), ഇടുക്കി (61%) എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ഒമ്പത് ജില്ലകളിൽ 20% മുതൽ 40% വരെ മഴ കുറഞ്ഞു.
ലക്ഷദ്വീപിലും മഴയിൽ വലിയ കുറവുണ്ടായി. 44.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് വെറും നാല് മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.വരും ദിവസങ്ങളിൽ രാജ്യത്തുടനീളം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് മാസത്തിൽ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം.
മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ ലഭിക്കുന്നതോടെ നിലവിലെ കടുത്ത ചൂടിനും ഉഷ്ണതരംഗ സാഹചര്യങ്ങൾക്കും വലിയ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.





