Thiruvananthapuram

ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Please complete the required fields.




തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു.

ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി സജ്ജീകരിച്ചിട്ടുള്ളത്. 140 ആർഒമാർ, 1,340 അഡീഷണൽ എആർഒമാർ, 4,208 മൈക്രോ ഒബ്‌സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ വോട്ടെണ്ണൽ ജോലിയുടെ ഭാഗമാകും. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോട് കൂടിയാണ് സ്ട്രോങ്ങ് റൂമുകൾ തുറക്കുക.

ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. വോട്ടെണ്ണൽ ഹാളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണം. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഹാജരാകണമെന്നും നിർദേശമുണ്ട്.

വോട്ടെണ്ണൽ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വോട്ടിങ്ങുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങുന്ന കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇൻഡക്സകാർഡ് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയച്ചു. കേരളത്തിനൊപ്പം തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും അന്നേദിവസമാണ് നടക്കുന്നത്.

Related Articles

Back to top button