Kozhikode

എരമംഗലം ക്വാറിവിരുദ്ധ സമരം ശക്തമായി

Please complete the required fields.




ബാലുശ്ശേരി : ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം ക്വാറിക്കുനേരേ ജനകീയ പ്രതിഷേധം 22-ാം ദിവസവും ശക്തമായി തുടരുന്നു. കോമത്തുചാലിൽ പ്രവർത്തിക്കുന്ന ക്വാറിക്കുനേരേയാണ് പ്രദേശവാസികൾ സമരരംഗത്തിറങ്ങിയത്.

ഏഴേക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽനിന്ന് നീക്കംചെയ്യുന്ന കല്ല്, മണ്ണ് എന്നിവ തൊട്ടടുത്ത് കുന്നുകൂട്ടിയിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കനത്ത മഴപെയ്യുന്ന സമയത്ത് മണ്ണുംകല്ലുമിടിഞ്ഞ് വീടുകൾക്ക് നാശം സംഭവിക്കും എന്ന സ്ഥിതിയാണുള്ളതെന്ന് അവർ ആരോപിക്കുന്നു. ക്വാറി പ്രവർത്തിച്ചുതുടങ്ങിയതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്‌.

ജനകീയസമരസമിതിയുടെ നേതൃത്വത്തിലാണ് ക്വാറിവിരുദ്ധസമരം നടക്കുന്നത്. ക്വാറിയിൽനിന്ന്‌ കല്ലുമായി വന്ന ലോറികൾ കഴിഞ്ഞദിവസം സമരക്കാർ തടയുകയുണ്ടായി. സമരക്കാരെ നേരിടാൻ വൻ പോലീസ് സംഘംതന്നെ രാവിലെമുതൽ ക്വാറിയുടെ സമീപത്ത് നിലയുറച്ചിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് സമരരംഗത്തിറങ്ങിയത്. സമരക്കാരിൽ ഏതാനുംപേരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി.

വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ജനകീയസമരസമിതിയുടെ തീരുമാനം. ക്വാറി പ്രവർത്തിക്കുന്നതിനാൽ പ്രദേശത്തെ പല വീടുകൾക്കും വിള്ളൽ വീണിട്ടുണ്ട്. കുട്ടികളടക്കമുള്ളവർക്ക് വിവിധതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നുമുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തുകാർ സമരവുമായി രംഗത്തിറങ്ങിയത്. ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുംവരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ സമരപ്പന്തലിലെത്തി സമരക്കാർക്ക് പിന്തുണ അറിയിച്ചു. കഴിഞ്ഞദിവസം വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നു.

Related Articles

Back to top button