
പുറമേരി : പുറമേരിയിലെ തീപ്പിടിത്തമുണ്ടായ സിറ്റി ടവർ കെട്ടിടത്തിലെ കടകളിൽ പോലീസ് ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. തീപ്പിടിത്തത്തിൽ നാശനഷ്ടമുണ്ടായ കടകളിൽനിന്ന് ഫൊറൻസിക് സംഘം സാംപിൾ ശേഖരിച്ചു. പുറമേരി സഹകരണബാങ്കിന് സമീപമുള്ള യൂപ്പർലൈറ്റ് ട്രേഡിങ് കമ്പനിയും, മൾട്ടി ബ്രാൻഡ് ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമും പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. മൾട്ടി ബ്രാൻഡ് ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്നാണ് തീപ്പിടിത്തമുണ്ടായത്. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുന്നത് വീഡിയോദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. തീപ്പിടിത്തത്തിൽ കടകൾ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടം പൂർണമായും കത്തിനശിച്ചിരുന്നു.
കടകളിലെ ജീവനക്കാർ നൽകിയ മൊഴിയും ബാറ്ററിയിൽനിന്ന് തീപടർന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ്. വിലപിടിപ്പുള്ള ഫാൻസി ലൈറ്റുകളുടെ ശേഖരവും 18 ഇലക്‌ട്രിക്കൽ സ്‌കൂട്ടറുകളും പൂർണമായും കത്തിനശിച്ചിരുന്നു. യൂപ്പർ ലൈറ്റ് ഇലക്‌ട്രിക്കൽ ഷോറൂമിൽ ഏകദേശം നാലുകോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് ഉടമകൾ പറയുന്നത്. ഇലക്‌ട്രിക്കൽ സ്കൂട്ടർ ഷോറൂമിലെ നാശവും കെട്ടിടത്തിനുണ്ടായ കേടുപാടുകളുമുൾപ്പെടെ അഞ്ചുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതെന്നാണ് നിഗമനം. തീപ്പിടിത്തമുണ്ടായ സിറ്റി ബിൽഡിങിൽ താലൂക്ക് റവന്യൂ വിഭാഗവും പരിശോധന നടത്തി. ഹെഡ് ക്വാർട്ടേർസ് ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. ഷാജി, വില്ലേജ് ഓഫീസർ ആർ. ശ്രീരാജ്, റവന്യൂ ജീവനക്കാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





