
ഇരിങ്ങണ്ണൂർ : എടച്ചേരി-ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ ചാലോട് പാലത്തിനും ശ്രീനാരായണമഠത്തിനും ഇടയിലുള്ള മധുരവനം വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും നിറഞ്ഞ് കാടുമൂടുന്നു.
2021-ൽ സസ്യശാസ്ത്ര അധ്യാപകൻ ഡോ. ദിലീപിന്റെയും, സാമൂഹികപ്രവർത്തകൻ ടി.കെ. രഞ്ജിത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നട്ടുവളർത്തിയ 152-ഓളം വിവിധയിനം ചെടികളും തണൽമരങ്ങളും അപൂർവങ്ങളായ ജമൈക്കൻ ചെറി ഉൾപ്പെടെയുള്ള പഞ്ചാരപ്പഴമുള്ള ചെടികളും ഫലവൃക്ഷങ്ങളും പ്ലാവ്, മാവ്, നെല്ലി, ഇലഞ്ഞി, ഞാവൽ, അമ്പഴം ഉൾപ്പെടെയുള്ള ഒട്ടേറെ മരങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പ്രദേശമാണ് ഈ മധുരവനം.
മുളങ്കൂട്ടങ്ങളും, പൂക്കളും കായ്കളും നിറഞ്ഞ ഇവിടെ ചെറുപക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സങ്കേതമാണ്.അന്യംനിന്നുപോകുന്ന വെള്ള പൈൻ, അശോകം, നാഗപ്പൂമരം, എരിക്ക്, കിലുക്കി എന്നിവയും ഇവിടെയുണ്ട്. എത്ര കനത്ത വെയിലിലും ഇവിടത്തെ തണലിൽവന്ന് കാറ്റുകൊള്ളുന്നവരെയും, വിശ്രമിക്കുന്നവരെയും എപ്പോഴും കാണാം. പരിസരപ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരിക്ക് ഇവിടെയെത്തുന്നു.വള്ളിപ്പടർപ്പുകൾ നിറഞ്ഞ് നെല്ലിമരം ഉൾപ്പെടെ കാടുമൂടിയ അവസ്ഥയിലാണ്. മുളങ്കാടുകൾ വളർന്ന് റോഡിലേക്കെത്തിയിരിക്കുന്നു. നേരത്തേയുണ്ടായിരുന്ന സോളാർ വിളക്കുകളും പലതും ഇപ്പോൾ കണ്ണടച്ച നിലയിലാണ്. ചിലർ കാടുമൂടിയ ഇവിടെ ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുന്നുമുണ്ട്.
തൊഴിലുറപ്പു പദ്ധതികളിൽ ഉൾപ്പെടുത്തിയോ, പരിസരവാസികളുടെ സഹകരണത്തോടെയോ ഇവിടം സംരക്ഷിച്ച് പരിപാലിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നാണ് നാട്ടുകാർ പറയുന്നത്.





