
കൊടുവള്ളി : താമരശ്ശേരി ചുരത്തിൽ തകർന്ന ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലെ അനാസ്ഥയ്ക്കെതിരേയും ആറ്, ഏഴ്, എട്ട് വളവുകളുടെ നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് കൊടുവള്ളിയിൽ ധർണ സംഘടിപ്പിച്ചു. ഒൻപതാംവളവിൽ തകർന്ന കൈവരി പുനർനിർമിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായ നിർദിഷ്‌ട വയനാട് ബൈപ്പാസ് (ചിപ്പിലിത്തോട്-മരുതിലാവ് -തളിപ്പുഴ) യാഥാർഥ്യമാക്കുക, ചുരത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുക, ക്രെയിൻ സൗകര്യം ഏർപ്പെടുത്തുക, രാപകൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തുക, അടിവാരംമുതൽ ലക്കിടി വരെ തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പ്രക്ഷോഭം ആരംഭിച്ചത്. കൊടുവള്ളി ബസ്‌സ്റ്റാൻഡിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി. പ്രസിഡൻറ്‌് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്‌തു.
10 വർഷം ഭരിച്ച എൽ.ഡി.എഫ്. സർക്കാർ താമരശ്ശേരി ചുരത്തിനായി ഒന്നുംചെയ്തില്ലെന്നും യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ ചുരം നവീകരണവും അനുബന്ധ ബൈപ്പാസ് പദ്ധതിയും നടപ്പാക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ പി.സി. ഹബീബ് തമ്പി അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. നേതാക്കളായ പി. ഗിരീഷ് കുമാർ, ശശി നരിക്കുനി, ടി.ആർ.ഒ. കുട്ടൻ, എം.എം. വിജയകുമാർ, എം.ടി. അഷ്റഫ്, പി.സി. മാത്യൂ, മുഹമ്മദൻസ്, സിറാജുദ്ദീൻ, എം.സി. നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, ടി.കെ.പി. അബൂബക്കർ. റസാഖ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ബാബു കോതൂർ, സുബൈർ പുല്ലാളൂർ, വി.ആർ. കാവ്യ, കെ.പി. അശോകൻ, എൻ.കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.





