
നന്മണ്ട : കടുത്ത വരൾച്ചയിൽ തോടുകളടക്കമുള്ള നീരുറവകളും പാടങ്ങളും വറ്റിവരളുമ്പോൾ കാർഷികവൃത്തിക്കുപോലും പാലാക്കുളത്തിലെ വെള്ളം ഉപയോഗിക്കാനാവില്ല. ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലാണ് ജലസമ്പന്നതയാൽ നിറഞ്ഞുനിൽക്കുന്ന പൊതുകുളമുള്ളത്. മൂന്നരപ്പതിറ്റാണ്ടുമുൻപ് വാട്ടർഅതോറിറ്റിയുടെ ഗ്രാമീണ ശുദ്ധജലപദ്ധതി പ്രകാരമായിരുന്നു കുളം നവീകരിച്ചത്. ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായി കാരക്കുന്നുമ്മലിൽ ടാങ്കും കുളത്തിനുസമീപം പമ്പ്ഹൗസും മോട്ടോറും സ്ഥാപിച്ചു.
ഏറെവർഷം നല്ലരീതിയിൽ ജലവിതരണം നടത്തിയ പദ്ധതിയായിരുന്നു ഇത്. എന്നാൽ, വെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടതോടെ കുളം പ്രയോജനപ്പെടുത്താൻ വാട്ടർഅതോറിറ്റിക്ക് കഴിഞ്ഞില്ല. മറ്റു സംവിധാനത്തിലേക്ക് കടക്കാൻ പഞ്ചായത്തിനും കഴിയാതെ വന്നു. പിന്നെ കുളവും പരിസരവും സമൂഹവിരുദ്ധരുടെ പിടിയിലായി. മദ്യക്കുപ്പികളും മറ്റു മാലിന്യവും തള്ളുന്നതും പതിവായി.
ഇതിനിടയിൽ വിലപിടിപ്പുള്ള മോട്ടോറും നഷ്ടപ്പെട്ടു. സന്ധ്യയായാൽ അപരിചിതർ കുളത്തിനരികെ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. മലീമസമായിക്കൊണ്ടിരിക്കുന്ന കുളത്തിനെ സംരക്ഷിക്കണമെന്ന പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യവും അംഗീകരിച്ചില്ല. ഓരോ ജലദിനത്തിലും അധികൃതർക്ക് ഓർക്കാനായി ഒരു കുളം എന്നരീതിയിലേക്ക് മാറി.
കാർഷികഗ്രാമമെന്ന നിലയ്ക്ക് ഏറെ കർഷകരുള്ള പ്രദേശമാണിവിടം. കർഷകർ ഇപ്പോൾ വയലിൽ കുഴികുത്തിയാണ് കൃഷി നനയ്ക്കുന്നത്. ഈ പൊതുകുളത്തിലെ വെള്ളം കൃഷിക്കായി വിനിയോഗിച്ചാൽ പെരുമ്പടപ്പിൽത്താഴം, എടത്തിൽത്താഴം, തച്ചനാട്ട്താഴം, കോളിയോട്ടുകണ്ടിതാഴം, പനന്തോടിത്താഴം എന്നിവിടങ്ങളിലെ കൃഷിയിൽ വലിയമാറ്റമാകും . ഗ്രാമപ്പഞ്ചായത്ത് ഈ പൊതുകുളത്തെ സംരക്ഷിക്കാൻ വേണ്ട നടപടികളും അതോടൊപ്പം കാർഷികസംസ്കൃതി നിലനിർത്താനും സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമാണ് കർഷകർക്ക്.





