
കോഴിക്കോട് : ബീച്ചിലെ ശുചിത്വത്തിന് കോർപ്പറേഷനും നാട്ടുകാരും കൈകോർത്ത് നല്ല മാതൃക കാണിച്ചെങ്കിലും, തൊട്ടപ്പുറത്ത് ഡി.ടി.പി.സി. യുടെ ഉടമസ്ഥതയിൽ പോർട്ടിന്റെ ഭൂമിയിൽ സ്ഥിതിചെയ്യുന്ന പണം കൊടുത്ത് ഉപയോഗിക്കുന്ന ശൗചാലയത്തിൽ നിന്ന് മലിനജലം പുറത്തേക്കൊഴുകുന്നു.
ലയൺസ് പാർക്കിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ശൗചാലയത്തിലാണ് ഈ അവസ്ഥ. ബീച്ചിലേക്കുള്ള ആളുകൾ നടന്നു പോകുന്ന വഴിയാണിത്. കൂടാതെ തൊട്ടപ്പുറത്ത് റോഡരികിൽ ഒട്ടേറെ ഹോട്ടലുകളും സ്ഥിതി ചെയ്യുന്നുണ്ട്.
ശൗചാലയത്തിലെ മലിനജലം ചാലുവെട്ടിയാണ് പുറത്തേക്ക് ഒഴുക്കിയിട്ടുള്ളത്. പുറകിൽ മാലിന്യവും നിറഞ്ഞിട്ടുണ്ട്. ശുചിമുറിയുടെ വലതുഭാഗത്തായി മാലിന്യം കുഴിയെടുത്ത് മറവ് ചെയ്ത അവസ്ഥയിലുമുണ്ട്. ഇതിന് മുകളിൽ തെർമ്മോക്കോളും മരക്കഷണവും വെച്ച് മറച്ച നിലയിലാണ്. ഇതിന് സമീപത്തൂടെയാണ് നൂറുകണക്കിന് പേർ ദിവസവും ബീച്ചിലേക്ക് പോകുന്നത്.





