
രാജ്യാന്തര വിപണിയിലെ മുൻനിര ചൈനീസ് ബ്രാൻഡായ റിയൽമി ‘മെയ്ക്ക് ഇൻ ഇന്ത്യ’ സ്മാർട് ഫോണുകൾ കയറ്റുമതി ചെയ്യുമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ നേപ്പാളിലേക്കാണ് ഇന്ത്യയിൽ നിർമിച്ച ഫോണുകൾ കയറ്റുമതി ചെയ്യുക. 2022 ഓടെ നേപ്പാളിലെ മികച്ച രണ്ട് സ്മാർട് ഫോൺ ബ്രാൻഡുകളിൽ ഒന്നാകുക എന്നതാണ് റിയൽമിയുടെ ലക്ഷ്യം.
റിയൽമി ടിവികളും മറ്റു ഉൽപന്നങ്ങളും നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും. ഇന്ത്യയിൽ കമ്പനി മികച്ച വിജയം നേടിയിട്ടുണ്ട്, നേപ്പാളിലും സമാനമായ നേട്ടം പ്രതീക്ഷിക്കുന്നു, അവിടെ കമ്പനിയുടെ ഏറ്റവും പുതിയതും നൂതനവുമായ ഉൽപന്നങ്ങൾ മിതമായ വിലയ്ക്ക് നൽകുമെന്നും റിയൽമി ഇന്ത്യയുടെ സിഇഒ മാധവ് ശേത്ത് പറഞ്ഞു. 2022 ഓടെ നേപ്പാളിലെ മികച്ച രണ്ട് സ്മാർട് ഫോൺ ബ്രാൻഡുകളിൽ ഒന്നാകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽമി നിലവിൽ ഇന്ത്യയിലും ചെക്ക് റിപ്പബ്ലിക്കിലും ഗ്രീസിലും നാലാമത്തെ മികച്ച സ്മാർട് ഫോൺ ബ്രാൻഡാണ്. 2021 ലെ ജൂൺ പാദത്തിൽ 23 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ മുൻനിര 5ജി സ്മാർട് ഫോൺ ബ്രാൻഡായി റിയൽമി മാറിയിരിക്കുന്നു. കൂടാതെ ഇന്ത്യയിൽ കഴിഞ്ഞ പാദത്തിൽ അതിവേഗം അഞ്ച് കോടി സ്മാർട് ഫോൺ വിതരണം ചെയ്ത ബ്രാൻഡാണിതെന്നും കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു. റിയൽമി ഈ പാദത്തിൽ ഇന്ത്യയിൽ ആദ്യത്തെ ലാപ്‌ടോപ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മിതമായ വിലയ്ക്ക് മികച്ച ലാപ്ടോപ് ലഭ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.