ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ച് ജിയോ. ഫീച്ചർ ഫോൺ സീരീസായ ജിയോഭാരതിന് കീഴിൽ ജിയോഭാരത് ബി1 എന്ന പേരിൽ ആണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4G ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തിൽ ജിയോഭാരത് സീരീസിന് കീഴിൽ കമ്പനി ഇതിനകം രണ്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു. ജിയോ വെബ്സൈറ്റിൽ ജിയോഭാരത് ബി1 4ജി ഫീച്ചർ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
2.4 ഇഞ്ച് ഡിസ്‌പ്ലേ, ആൽഫാന്യൂമറിക് കീപാഡ്, മൾട്ടി-ലിംഗ്വൽ സപ്പോർട്ട്, 2000 mAh ബാറ്ററി തുടങ്ഹിയ ഫീച്ചറുകൾ ഫോണിലുണ്ട്. മുൻ വേരിയന്റുകളെ അപേക്ഷിച്ച് സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും നേരിയ നവീകരണം മാത്രമേ ജിയോഭാരത് ബി1 വാഗ്ദാനം ചെയ്യുന്നുള്ളൂ.
ജിയോഭാരത് ബി1 4ജി എനേബിൾഡ് ഫീച്ചർ ഫോണിന് 1299 രൂപയാണ് വില. ഈ ഫോൺ കറുപ്പ് കളറിൽ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണിൽ ജിയോഭാരത് ബി1 ഫീച്ചർ ഫോൺ ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
ജിയോ ഭാരത് സീരീസ് 23 ഭാഷകളെ പിന്തുണയ്ക്കുന്നു എന്നാണ് ജിയോയുടെ അവകാശവാദം. വെബ്‌സൈറ്റ് വിവരങ്ങൾ അനുസരിച്ച്, ജിയോയുടെ പ്രീഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഫോണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.