കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ
കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം. രക്ഷിതാക്കൾക്കായി യൂട്യൂബില്‍ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക് ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് സാധിക്കും.
കുട്ടികൾ യൂട്യൂബിൽ എന്തെല്ലാം കാാണുന്നു, ഏതെല്ലാം ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നു, ഏതെല്ലാം വീഡിയോകൾ ലൈക് ചെയ്യുന്നു, കമന്റ് ചെയ്യുന്നു എത്ര വീഡിയോകൾ അപ്ലോഡ് ചെയ്യുന്നു,തുടങ്ങിയ വിവരങ്ങൾ പുതിയ ഫീച്ചർ വഴി രക്ഷിതാക്കള്‍ക്ക് എളുപ്പം മനസിലാക്കാം. കുട്ടികൾ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയിൽ വഴി രക്ഷിതാക്കൾക്ക് മെസെജുമെത്തും. യൂട്യൂബ് ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യം.
വിദഗ്ദരുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരായ ഉപഭോക്താക്കൾക്കുള്ള റെക്കമന്റേഷനുകൾ നിയന്ത്രിക്കുന്നതടക്കമുള്ള നിരവധി സുരക്ഷാ ഫീച്ചറുകൾ യൂട്യൂബ് നേരത്തെ ഒരുക്കിയിരുന്നു. പുതിയ ഫീച്ചറിന്റെ സഹായത്തോടെ കുട്ടികളുടെ ഓൺലൈൻ സാന്നിധ്യത്തിൽ ഒപ്പം നിൽക്കാനും വഴികാണിക്കാനും രക്ഷിതാക്കൾക്ക് കഴിയും. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുന്നിട്ടിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.