Idukki

ഏലയ്ക്ക വിപണിയിൽ ‘ചൂട്’ കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 600 രൂപ

Please complete the required fields.




ഇടുക്കി : ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഏലയ്ക്ക വിപണിയിൽ വൻ കുതിച്ചുചാട്ടം. ഒരു മാസത്തിനിടെ 600 രൂപയിലധികമാണ് വർധിച്ചത്. നിലവിൽ ശരാശരി വില 2700 മുതൽ 2800 രൂപ വരെയാണ്. 2700 മുതൽ 2800 വരെയാണു നിലവിൽ ഏലയ്ക്കയുടെ ശരാശരി വില കഴിഞ്ഞ മാസത്തെ വില ₹1950 മുതൽ 2150 വരെയായിരുന്നു. 2025 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വില 2800 രൂപയിലെത്തുന്നത്.

ആഗോള വിപണിയിൽ ഗ്വാട്ടിമാലയിൽ നിന്നുള്ള ഏലയ്ക്കയുടെ കയറ്റുമതി കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണമായി. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ തീവ്രത കുറഞ്ഞതോടെ രാജ്യാന്തര വ്യാപാര മേഖല കൂടുതൽ സജീവമായി.

ഇതിന് മുൻപ് 2025 ജനുവരിയിൽ ഏലയ്ക്ക വില 3000 കടന്നിരുന്നു. 2025 മാർച്ചിൽ 2650, ഏപ്രിലിൽ 2700 എന്നിങ്ങനെ ശരാശരി വിലയിൽ ഇടിവ് സംഭവിച്ചു, കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ വിലയായ 2190 വരെയെത്തി. അതേ സമയം സീസൺ അവസാനിച്ചതിനാൽ ഇടത്തരം കർഷകരേക്കാൾ വൻകിട കർഷകർക്കും വ്യാപാരികൾക്കുമാണു വില വർധന ഏറെ ഗുണകരമായത്. ഇനി 2 മാസം കൂടി കഴിയുമ്പോൾ ഏലം സീസൺ സജീവമാകും.

2024ൽ ഉണ്ടായ വരൾച്ചയിൽ ജില്ലയിൽ 15,731 ഹെക്ടർ ഏലം കൃഷി നശിച്ചതായാണു വിവരം. 2024 ജനുവരി മുതൽ ഏകദേശം 140 ദിവസത്തേക്ക് ഏലം മേഖലയിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കാെണ്ട് കർഷകർക്കുണ്ടായ നഷ്ടം ഭാഗികമായി പോലും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് ഇ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇ വർഷവും കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ഏലം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉടുമ്പൻചോല താലൂക്കിൽ ഏലം കൃഷിയുള്ള ചില പഞ്ചായത്തുകളിൽ കാര്യമായ വേനൽ മഴ ലഭിച്ചിട്ടില്ല. ജില്ലയിലാകെ 58% വേനൽ മഴയുടെ കുറവാണ് ഏപ്രിൽ 1 മുതൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏലം കൃഷി ചെലവുകളിലുണ്ടായ വർധനയും കർഷകർക്ക് തിരിച്ചടിയാണ്.

2023 ഓഗസ്റ്റിലാണു രണ്ടര വർഷങ്ങൾക്കു ശേഷം ആദ്യമായി ഏലയ്ക്ക വില 2000 കടന്നത്. അതിനു മുൻപ് 2020 ഡിസംബർ 16നാണ് ലേലത്തിൽ ഏലയ്ക്ക വില രണ്ടായിരത്തിൽ എത്തിയത്. 2020 ജനുവരി 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 7000 രൂപയും ശരാശരി വില 4015 രൂപയും രേഖപ്പെടുത്തി. 2021 ഡിസംബർ 6ന് 1011 രൂപയായിരുന്ന ശരാശരി വില പിന്നീട് അതിലും താഴെയായി. 2022 ജൂൺ 9ന് ശരാശരി വില 718 രൂപയായി കുറഞ്ഞു. 2023 മാർച്ച് 11ന് 1500 രൂപയായി ശരാശരി വില ഉയർന്നെങ്കിലും വീണ്ടും കുറഞ്ഞു. ഏലത്തിന് താങ്ങുവില പ്രഖ്യാപിച്ച് വിലയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ സ്പൈസസ് ബോർഡും സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Back to top button