Thrissur

തിരിച്ചറിയാനാവാതെ ശരീരഭാഗങ്ങൾ; സങ്കടക്കടലായി മുണ്ടത്തിക്കോട്, 11 പേർ ചികിത്സയിൽ, 5 പേരുടെ നില ​ഗുരുതരം

Please complete the required fields.




തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ്റെ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ്റെ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

സ്ഫോടനത്തിൽ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. ‘5 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരം.
അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്’. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

പാലക്കാട്‌, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർ ഡിസ്ചാർജ് ആയെന്നും ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നും കളക്ടർ മാധ്യമങ്ങളോട് വിശദമാക്കി.
കൊളത്തൂർ സ്വദേശി സുബ്രമണ്യന്റെ മൃതദേഹമാണ് സംശയമുള്ളതിൽ ഒന്ന്. സുബ്രമണ്യന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് വിഷ്‌ണു എന്നയാളുട മൃതദേഹം ആണെന്ന് പറഞ്ഞു വിഷ്ണുവിന്റെ ബന്ധുവും വന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620

തൃശൂർ താലൂക്ക് ഓഫീസ് : 04884232226

തൃശൂർ കളക്‌ട്രേറ്റ് കൺട്രോൾ റൂം : 94470 74424

മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853

Related Articles

Back to top button