
കോഴിക്കോട് : ഏറെക്കാലം കറുത്തവെള്ളം നിറഞ്ഞ്, ദുർഗന്ധംവമിക്കുന്ന തോടായിരുന്നു കാമ്പുറത്തെ വെള്ളരിത്തോട്. ചെളികോരി പാർശ്വഭിത്തികെട്ടി തോടിനെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ, 90-95 ശതമാനം പണിയും കഴിഞ്ഞെങ്കിലും കാമ്പുറത്തുനിന്ന് റോഡിലേക്കിറങ്ങുന്ന ഭാഗത്ത് പാർശ്വഭിത്തിയില്ലാതെ പണിതീർക്കുകയാണ്. ഈ ഭാഗത്തെ പണിചെയ്തില്ലെങ്കിൽ ഇതുവരെ ചെയ്തതിന്റെ ഫലമില്ലാതെ പോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കടലിലേക്കൊഴുകുന്ന തോടാണിത്. മഴപെയ്താൽ വെള്ളം സമീപത്തെ വീടുകളിലോളമെത്തുന്ന സ്ഥിതിയായിരുന്നു. ചെളിനീക്കി വൃത്തിയാക്കിയപ്പോൾ ഇനി അത്തരം പ്രശ്നമുണ്ടാകില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു വീട്ടുകാർ. ബീച്ച് റോഡിൽനിന്ന് വെള്ളരിത്തോടിന്റെ ഭാഗത്തേക്കിറങ്ങുന്ന റോഡിനോട് ചേർന്ന് 10-15 മീറ്ററോളം നീളത്തിലാണ് പാർശ്വഭിത്തി ഇല്ലാത്തത്. അടിത്തറയുമില്ല. എതിർവശത്ത് മുഴുവനായുമുണ്ട്.ഭിത്തികെട്ടാത്ത ഭാഗത്ത് കുടിവെള്ളത്തിന്റെ പൈപ്പും വാൽവുമുണ്ട്. അതിനോട് ചേർന്ന് കല്ലുകൊണ്ടുള്ള കെട്ടുമുണ്ട്. നിലവിൽ തോട്ടിൽ ബണ്ട് കെട്ടി നിർത്തിയിരിക്കുകയാണ്. ഒഴുക്ക് സുഗമമല്ലാത്തിനാൽ കൊതുകുശല്യമുണ്ടെന്നും കോന്നാട് സ്നേഹതീരം റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.
അഞ്ച് കോടിയുടേതാണ് പദ്ധതി. മൈനർ ഇറിഗേഷനാണ് പണിചെയ്യുന്നത്. നിലവിലുള്ള എസ്റ്റിമേറ്റ് തുക പ്രകാരമുള്ള പണി ഏതാണ്ട് പൂർത്തിയായെന്നും 200 മീറ്ററോളം നീളത്തിലാണ് ഭിത്തികെട്ടിയതെന്നും കരാറുകാരൻ പറഞ്ഞു.പാർശ്വഭിത്തി എല്ലാഭാഗത്തുമില്ലെന്നാണ് മൈനർ ഇറിഗേഷൻ പറയുന്നത്. നിലവിൽ ഭിത്തി കെട്ടാനുള്ളത് ചെറിയൊരുഭാഗത്താണ്. അതുചെയ്യണമെങ്കിൽ കുടിവെള്ള പൈപ്പുൾപ്പെടെ മാറ്റണം. എന്തെങ്കിലും പണിചെയ്യുകയാണെങ്കിൽ പൈപ്പ് പൊട്ടും. ഈ വേനലിൽ അത് കുടിവെള്ളപ്രശ്നത്തിന് കാരണമാകും. കൂടുതൽ ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ പണിചെയ്യാനാവൂവെന്ന് മൈനർ ഇറിഗേഷൻ അധികൃതർ പറഞ്ഞു.



