Kozhikode

കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം

Please complete the required fields.




വടകര : മുക്കാളിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്കാരമെന്ന് നാട്ടുകാർ. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ കരാർ കമ്പനിക്ക് തോന്നുന്ന രീതിയിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ടാറിങ് പൂർത്തീകരിച്ച ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടുമ്പോൾ അതിവേഗത്തിലാണ് മിക്കവാഹനങ്ങളും കടന്നുപോകുന്നത്. ഇതിനിടയിലൂടെയാണ് കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. മറുപുറമെത്താൻ മറ്റു സംവിധാനങ്ങളൊന്നും ഇവിടെയില്ല.

പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ നടന്നുപോകുന്നത്. മാത്രമല്ല, ദേശീയപാതയിലേക്ക് കാൽനടയാത്രക്കാർ പ്രവേശിക്കുന്ന ഭാഗവും ദുർഘടമാണ്. ഡിവൈഡറുകളിലെ കോൺക്രീറ്റ് ഇളകിമാറിയ ഭാഗത്തെ ഇരുമ്പുകമ്പികളിലും മറ്റും പിടിച്ചാണ് പലരും ദേശീയപാതയിലേക്ക് കയറുന്നത്. പൊരിവെയിലത്ത് ഏറെനേരം കാത്തുനിന്നാണ് ദേശീയപാത മുറിച്ചുകടക്കുന്നത്.

ദേശീയപാതയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല ആവശ്യപ്പെട്ടു. കുഞ്ഞിപ്പള്ളിയിൽ അപകടഭീഷണിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതിയംഗം പ്രദീപ് ചോമ്പാലയും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. ബാബുരാജും അറിയിച്ചു. അശാസ്ത്രീയമായ റോഡ് തുറക്കലിനെതിരേ കുഞ്ഞിപ്പള്ളി വ്യാപാര വ്യവസായ ഏകോപനസമിതി ഭാരവാഹി കെ.എ. സുരേന്ദ്രൻ പ്രതിഷേധിച്ചു.

Related Articles

Back to top button