Gulf

മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാനൊരുങ്ങി യു.എ.ഇ

Please complete the required fields.




അബുദാബി: മൂന്ന് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് കൂടി വാക്‌സിൻ നൽകാൻ യു.എ.ഇ തയാറെടുക്കുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് ശക്തമായി തുടരുന്നതിനിടെയാണ് ഈ തീരുമാനം. ക്ലിനിക്കൽ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമായിരിക്കും ചെറിയ കുട്ടികൾക്കുള്ള വാക്‌സിനേഷനെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിലയിരുത്തലുകളും നടത്തും. എല്ലാവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും വാക്‌സിൻ നൽകുന്നത്. സിനോഫാം വാക്‌സിനാണ് കുട്ടികൾക്ക് വേണ്ടി നിർദേശിക്കപ്പെടുന്നത്. 

അബുദാബിയിലെ 900 കുട്ടികൾക്ക് ട്രയൽ നൽകിയ ശേഷമാണ് കുട്ടികളിലെ വാക്‌സിനേഷൻ വ്യാപകമാക്കുന്നത്. നിരവധി കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തത്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ വാക്‌സിൻ നൽകുന്നത് മൂലം ഉണ്ടായിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫലം പിന്നീട് പുറത്ത് വിടും. പഠനത്തിന്റെ ഭാഗമായി ചേർന്ന എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ അതോറിറ്റി നന്ദി അറിയിച്ചു. ഹീറോകളാണ് അവർ എന്നാണ് ആരോഗ്യ വിഭാഗം വിശേഷിപ്പിച്ചത്. അബുദാബി രാജകുടുംബാംഗങ്ങളുടെ കുട്ടികളും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. മാതാപിതാക്കളുടെ പൂർണ അനുമതിയോടെയാണ് കുട്ടികളിൽ വാക്‌സിൻ പഠനം നടത്തിയത്. വാക്‌സിൻ നൽകിയ ശേഷം കുട്ടികളെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിച്ചു. മിഡിൽഈസ്റ്റിൽ കുട്ടികളിൽ വാക്‌സിൻ പഠനം നടത്തിയ ആദ്യ രാജ്യമാണ് യു.എ.ഇ.
സിനോഫാം മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകാൻ കഴിഞ്ഞ ജൂൺ മൂന്നിന് ചൈന അംഗീകാരം നൽകിയിരുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ അംഗീകാരം നൽകിയത്. ആകെ ജനസംഖ്യയിൽ 70 ശതമാനം പേരും യു.എ.ഇയിൽ ഇതിനകം വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്തെ പിന്തുണയ്ക്കുന്നതിനും കോവിഡ് മഹാമാരിയെ തുരത്തുന്നതിനും പഠനത്തിന്റെ ഭാഗമായ എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നവാൽ അൽഅ്ബി പറഞ്ഞു. ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനോഫാം വാക്‌സിനാണ് യു.എ.ഇയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

Related Articles

Leave a Reply

Back to top button