
കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ മദ്യലഹരിയിലായ മകൻ വൃദ്ധനായ അച്ഛനെ ക്രൂരമായി മർദിച്ചു. വല്ലാർപാടം സ്വദേശി പുരുഷനാണ് (68) മകന്റെ മർദനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുളവുകാട് പോലീസ് സ്വമേധയാ ഇടപെടുകയും മകൻ പ്രവീണിനെതിരെ (42) കേസെടുക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മർദനമേറ്റ ലോട്ടറി വിൽപ്പനക്കാരനായ പുരുഷൻ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ ശേഷമാണ് വൈകീട്ടോടെ ദൃശ്യങ്ങൾ പുറത്തുവന്നതും പോലീസ് മൊഴി രേഖപ്പെടുത്തിയതും.കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. പുരുഷൻ തന്റെ സ്വത്തിൽ ഒന്നര സെന്റ് മകൾക്ക് നൽകിയതിനെ എം.എ. ബിരുദധാരിയായ പ്രവീൺ എതിർത്തിരുന്നു.
ഇതിന് മുൻപും പലതവണ പ്രവീൺ അച്ഛനെയും സഹോദരിയെയും ഉപദ്രവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അച്ഛന്റെ തലയ്ക്കടിച്ചതിന് ഇയാൾ ജയിലിലായെങ്കിലും അച്ഛനും സഹോദരിയും മുൻകൈ എടുത്ത് ജാമ്യത്തിലിറക്കുകയായിരുന്നു.മദ്യപാനത്തിനടിമയായ പ്രവീൺ നേരത്തെ ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷം വീണ്ടും മദ്യപാനവും വീട്ടിലെ അതിക്രമങ്ങളും തുടരുകയായിരുന്നു. ഇയാൾക്കെതിരെ നിലവിൽ മുളവുകാട് സ്റ്റേഷനിൽ ആറോളം കേസുകൾ നിലവിലുണ്ട്.





