Kozhikode

ചോറോട് ബോ സ്ട്രിങ് സ്റ്റീൽപ്പാലം തള്ളിനീക്കാൻ തുടങ്ങി

Please complete the required fields.




വടകര : ദേശീയപാതയിലെ ചോറോടിൽ റെയിൽവേ മേൽപ്പാലത്തിനായി സെറ്റ് ചെയ്തുവെച്ച ബോ സ്ട്രിങ് സ്റ്റീൽപ്പാലം ക്രെയിൻ ഉപയോഗിച്ച് റെയിലിനു കുറുകെ സ്ഥാപിക്കാൻ തുടങ്ങി. റോളറിനുമുകളിൽ സ്ഥാപിച്ച സ്റ്റീൽപ്പാലം വ്യാഴാഴ്ച രാത്രി ക്രെയിനിന്റെ സഹായത്തോടെ നാലുമീറ്ററോളം മുന്നോട്ടേക്കു നീക്കി.

വെള്ളിയാഴ്ചയും ഈ പ്രവൃത്തി തുടർന്നു. വളരെ മെല്ലെമാത്രമേ വലിയ ഭാരമുള്ള പാലം മുന്നോട്ടേക്ക് നീക്കാൻ കഴിയൂ.പാലം നീക്കുന്നതിനായി ഇരുവശത്തെയും ബന്ധിപ്പിച്ച് ഇരുമ്പ് ഗർഡർ സ്ഥാപിച്ച് മുകളിൽ റെയിൽ സ്ഥാപിച്ചിട്ടുണ്ട്.പാലത്തിന്റെ മുന്നിൽ രണ്ടുവശത്തും ഘടിപ്പിച്ച ഇരുമ്പുകയറാണ് ക്രെയിനിന്റെ സഹായത്തോടെ വലിക്കുന്നത്. ഈ സമയത്ത് സ്റ്റീൽപ്പാലം പതിയെ മുന്നോട്ടുനീങ്ങും.
ഒരാഴ്ചകൊണ്ട് പാലത്തിന്റെ ഒരറ്റം മറുവശത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. പാലം കുറച്ച് മുന്നോട്ടു നീക്കിയശേഷം പാലം സെറ്റ് ചെയ്യാനായി ചോറോട്-ചേന്ദമംഗലം റോഡിൽ നിർമിച്ച കോൺക്രീറ്റ് പൊളിച്ചുമാറ്റും. ശേഷം ഒരു ക്രെയിൻ റോഡിന്റെ അപ്പുറത്തെത്തിക്കും.

ഏതാണ്ട് ഒരുവർഷംമുൻപാണ് ചോറോടിൽ സ്റ്റീൽപ്പാലം സെറ്റ് ചെയ്യാൻ തുടങ്ങിയത്. ഇതിനായി ചോറോട്-ചേന്ദമംഗലം റോഡ് പൂർണമായും അടച്ചു. ആറുമാസംമുൻപ്‌ പ്രവൃത്തി പൂർത്തിയായെങ്കിലും റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. പാലം നീക്കുന്ന സമയത്ത് തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം വേണ്ടതിനാലാണിത്.

Related Articles

Back to top button